Tuesday, March 19, 2019

മുനീര്‍ അഗ്രഗാമി :

കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയില്‍ ജനനം. ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെ |
സഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി. കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളജില്‍ മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു.

 ചിത്രകലയില്‍ യൂനിവേഴ്‌സല്‍ ആര്‍ട്‌സ് സ്‌കൂള്‍ ഓഫ് ഫൈന്‍ആര്‍ട്‌സില്‍ നിന്ന് ഡിപ്ലോമ കരസ്ഥമാക്കി.മലയാളസാഹിത്യത്തില്‍ ഒന്നാം ക്ലാസോടെ ബിരുദവും ബിരുദാനന്തരബിരുദവും നേടി.
ചേമ്പിലചൂടിപ്പോയ പെണ്‍കുട്ടി(2007), മയില്‍പീലികള്‍പറയുന്നത്(2010), മഞ്ഞുമൂടിയ മുടിയിഴകളില്‍(2010)-ചുംബിക്കുന്ന കുതിരകളുടെ വെളുത്ത പുസ്തകം(2012)
എന്റെമലയാളം;രചനയും പഠനപ്രവര്‍ത്തനങ്ങളും(2010), ശ്രേഷ്ഠമലയാളം:മലയാളത്തിലെ ശരിയായ വാക്കും പ്രയോഗവും(2014)എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.
ആദ്യ കവിതാസമാഹാരമായ ചേമ്പിലചൂടിപ്പോയപെണ്‍കുട്ടിക്ക് 2009 ലെ കാവ്യവേദി പുരസ്‌ക്കാരം ലഭി ച്ചു.പേടിപെയ്യുന്ന വഴികള്‍ എന്ന പേരില്‍ 2011ലെ കാമ്പസ് കവിതകള്‍ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു.
ലോക പ്രശസ്ത കഥകൾ 'റോസാപ്പൂവിനെക്കാളും ചെറിയ പെൺകുട്ടി ' എന്ന പേരിൽ പുനരാഖ്യാനം ചെയ്തു .കണ്ണൂരിലെ മെയ്ഫ്ളവർ ബുക്സാണിത് പ്രസാധനം ചെയ്തത്.
നാലു വർഷക്കാലം നാഷണൽ സർവ്വീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസറായി സേവനം അനുഷ്ഠിച്ചു .ഇപ്പോൾ കോഴിക്കോട് സർവ്വകലാശാല ബിരുദ പഠനത്തിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ് .
നിരവധി ചിത്രപ്രദർശനങ്ങൾ, ചിത്രകലാ ക്ലാസ്സുകൾ എന്നിവ നടത്തിയിട്ടുണ്ട് .

ഇപ്പോള്‍ നിലമ്പൂര്‍ അമല്‍കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍.


വിലാസം:മുനീര്‍ അഗ്രഗാമി
മലയാളവിഭാഗം
അമല്‍കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്
മൈലാടി
എരഞ്ഞിമങ്ങാട് പി.ഒ
679343

Sunday, November 22, 2015

കടലിനെ കുറിച്ച് 10 ഹൈക്കുകൾ


കടലിനെ കുറിച്ച് 10 ഹൈക്കുകൾ
1.തിര
ജലരഥവുമായ് വെളളക്കുതിരകൾ
നീലപ്പരപ്പിൽ യുദ്ധ സന്നാഹം,
തിരകളുടെ മുന്നേറ്റം
2. കsലാൾ
ആഴത്തിന്നാഴത്തിലൊളിച്ച
സുന്ദരിമീനിന്നഴകിൽ
കടലാളുടെ മൂക്കുത്തി
3. അമ്മ
വീണു കിടന്നു പിടയ്ക്കും
മഴത്തുള്ളികളെയെടുത്തു മ്മവെച്ച്
നെഞ്ചോടു ചേർക്കുന്നു കടലമ്മ
4. സ്നേഹം
കാത്തിരുന്നവളുടെ ചാരെ
കരഞ്ഞെത്തിയ തിരയിൽ
ഒരു സ്നേഹമുത്തം
5. തോണിയിൽ
നിലാവേറ്റു തുഴയുന്നു
സ്വപ്നങ്ങൾ
ഒരു ദരിദ്ര മുക്കവൻ
6.ആനന്ദം
ആഴക്കടലിൽ
സൂര്യനെ കാണാതെ
ആനന്ദിക്കുന്നു മീനുകൾ
7. കിടപ്പ്
കവിതയിൽ കിടക്കുന്നു കടൽ
നിലാവു പുതയ്ക്കുന്നു
കാറ്റു താരാട്ടുന്നു
8 .ധൈര്യം
ചൂണ്ടലിൽ കൊത്താതെ
ചുണ്ടൽക്കാരനെ വിഴുങ്ങുന്നു
പെരുമീൻ ധൈര്യം
9. കളി
പുഴകളെല്ലാം
ഉള്ളിലെവിടെയോ
ഒളിച്ചുകളിക്കുന്നെന്നു കടൽ
10. ലൈറ്റ് ഹൗസ്
തിളച്ചുമറിയുമിരുട്ടിൽ
തിര മുറിച്ചൊരു നാവിക ൻ
ദൂരെ പ്രതീക്ഷയുടെ ചുവപ്പു താരകം
(Muneer agragaami)

Tuesday, January 27, 2015

മരുഭൂമിയിൽ
മഞ്ഞുപെയ്യുന്നു
നീ മുന്നിൽ!

Tuesday, January 13, 2015

കാറ്റു വന്നു  തിരയുന്നു
പൂത്തിരയിളക്കി
പൂമണ മൊളിച്ചിരിക്കുമിടം

തൂവലുകൾ

നിന്നസാന്നിദ്ധ്യമെന്നെ നോക്കുമ്പോൾ
നീ പൊഴിച്ചിട്ട തൂവലുകൾ
പാറുമോരോ നിശ്വാസത്തിലും

Monday, January 5, 2015

കടലിന്റെ താളുകൾ

തിരക്കവിത വായിക്കാൻ
കാറ്റു മറിച്ചുനോക്കുന്നു
കടലിന്റെ താളുകൾ!

Tuesday, December 9, 2014

വീഴുമ്പോൾ

വീഴുമ്പോൾ 
പിടികിട്ടാത്ത തുള്ളികളെ 
വേരുകൾ കൊണ്ടെടുത്ത്
ഇലകളിലൂടെ
പറത്തി വിടുന്ന 
മഹാമാന്ത്രികനാണു മരം

കുഞ്ഞ്


മുലകുടിക്കുംമുമ്പ് 
മുഖം തിരിച്ചറിയും മുമ്പ്
ഫെയ്സ്ബുക്കിലവൻ 
അമ്മയെ തിരയുന്നു

ഡിസംബർ! ...........................


എന്തൊരു തണുപ്പ്!
ഒരു വെയിലെടുത്തു 
പുതയ്ക്കാൻ തോന്നുന്നു

Tuesday, November 25, 2014

തിളക്കം

ദേശാടനത്തിൽ വഴി തെറ്റിയ
കിളിയുടെ കണ്ണിൽ
പുതു വഴിയുടെ തിളക്കം 

മഴ മാത്രം

വീഴ്ചയുടെ
 രസമറിഞ്ഞൊഴുകുന്നു
മഴ മാത്രം

വെയിൽത്തിരകളിൽ
തുഴഞ്ഞുപോകുന്ന തുമ്പികൾ
അരിപ്പൂവിൻ ദ്വീപിലിരിക്കുന്നു

പ്രണയത്തിന്റെ ചിറകിനാൽ
ചില പുഴുക്കൾ പൂമ്പാറ്റകളായ്
ആകാശത്ത് ചിത്രം വരയ്ക്കുന്നു 

Saturday, September 13, 2014

ശലഭരാശിയായ് നാം


.................................................
കടലുപൂക്കുന്ന സന്ധ്യയിൽ
സ്വർണ്ണ മണൽത്തരികളിൽ
ശലഭരാശിയായ് നാം സമ്മോഹനം
................................................................

കാറ്റുപോൽ

പുഴ കടക്കുന്നു കിളികൾ
ജലമറിയാതെ നിശ്ശബ്ദം
ചിറകുരുമ്മിയൊരു കാറ്റുപോൽ

വെയിലിലെ ചിത്രകാരൻ


മഴത്തുള്ളിയിൽ
സ്വപ്നം  വരയ്ക്കുന്നു
വെയിലിലെ ചിത്രകാരൻ

Thursday, September 11, 2014

മഞ്ഞായിരിക്കുമ്പോൾ


ഇലയിൽ വീഴാതിരിക്കുവാൻ
വയ്യ ,മഞ്ഞായിരിക്കുമ്പോൾ
മധുവിധു വെയിലെത്തും വരെ!

വേദന


വീണു കിടക്കുന്ന മുല്ലപ്പൂവിൽ
നിന്നൊരു വേദന മെല്ലെയിറങ്ങിയെൻ
സന്തോഷത്തിൽ നൂണു കടക്കുന്നു

പ്രണയലിപികളിൽ


വറ്റിപ്പോയ തടാകമുള്ളുപൊള്ളി  
അകന്നുപോയ മഴയ്ക്കെഴുതുന്നു
നാം കൈവിട്ട പ്രണയലിപികളിൽ!

Monday, September 1, 2014

ഓർമ്മയുടെ പുഞ്ചിരി

തുമ്പപ്പൂവിൽ നിന്നും
ഓർമ്മയുടെ പുഞ്ചിരി
വിളിക്കുന്നു;വിതുമ്പുന്നു


നനവുണങ്ങുന്നു!

ഒറ്റയ്ക്ക് നിന്നാകെ നനയുമ്പോൾ
കണ്ണിൽ നിന്നും ചാടിയോടുന്നു
വേദനകൾ ; നനവുണങ്ങുന്നു!